പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വീണ്ടും സെഞ്ചറിയിലൂടെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്‌സ്വാളും സമ്മാനിച്ചത്. ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 26 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 121 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ 63 റണ്‍സോടെയും ജയ്‌സ്വാള്‍ 52 റണ്‍സോടെയും ക്രീസില്‍ തുടരുകയാണ്.
ഇതിനോടകം 102 പന്തുകള്‍ നേരിട്ട രോഹിത് ആറു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 63 റണ്‍സെടുത്തു. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചറി നേടിയ ജയ്‌സ്വാള്‍ ഇതുവരെ 56 പന്തുകള്‍ നേരിട്ടാണ് 52 റണ്‍സെടുത്തത്. താരം ഇതുവരെ നേടിയത് എട്ടു ഫോറും ഒരു സിക്‌സുമാണ്. ഇതോടെ വിദേശ മണ്ണില്‍ ഒരു പരമ്പരയില്‍ ഓപ്പണിങ് വിക്കറ്റില്‍ കൂടുതല്‍ സെഞ്ചറി കൂട്ടുകെട്ടുകളെന്ന റെക്കോര്‍ഡിനൊപ്പമെത്തി ഇരുവരും.
ആദ്യം ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്വയ്റ്റ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ പരുക്കുള്ള ഷാര്‍ദുല്‍ ഠാക്കൂറിനു പകരം മുകേഷ് കുമാര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. അതെസമയം വിന്‍ഡീസ് നിരയില്‍ ഇരുപതുകാരന്‍ കിര്‍ക് മക്കെന്‍സിയും അരങ്ങേറ്റം കുറിച്ചു. മൂന്നാം സ്പിന്നറെന്ന നിലയില്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കുമെന്നായിരുന്നു അഭ്യൂഹമെങ്കിലും മുകേഷ് കുമാറിന് അവസരം നല്‍കുകയായിരുന്നു.
ഡൊമിനിക്കയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 3 ദിവസത്തിനിടെ നേടിയ ഇന്നിങ്‌സ് ജയത്തിനു പിന്നാലെ കടുത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ഇവരെയാണ് ഇന്ന് ആതിഥേയര്‍ നേരിടേണ്ടത്. ഡൊമിനിക്കയിലേതു പോലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാകും പോര്‍ട്ട് ഓഫ് സ്‌പെയിനിലുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുരാജ്യങ്ങളും തമ്മിലുള്ള 100-ാം ടെസ്റ്റ് മത്സരമാണ് നടക്കാന്‍ പോകുന്നത്. 1948 നവംബര്‍ 10ന് ന്യൂഡല്‍ഹിയിലായിരുന്നു ചരിത്രത്തിലെ ആദ്യ ഇന്ത്യ - വിന്‍ഡീസ് ടെസ്റ്റ് മത്സരം. ഇതുവരെ നടന്ന 99 ടെസ്റ്റുകളില്‍ കൂടുതല്‍ വിജയം നേടിയത് വിന്‍ഡീസാണ്. 30 ജയങ്ങള്‍. ഇന്ത്യ 23 മത്സരങ്ങള്‍ ജയിച്ചു. 46 മത്സരങ്ങള്‍ സമനിലയായി.