ലണ്ടന്‍ : ആഷസ് പരമ്പരയിലെ നിര്‍ണായകമായ ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആവേശോജ്വലമായ ജയം. 49 റണ്‍സിനാണ് അവര്‍ ജയിച്ചത്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ അവസാന ടെസ്റ്റ് ജയിച്ചതോടെ പരമ്പര 2-2 സമനിലയില്‍ ആക്കാനും ഇംഗ്ലണ്ടിനായി. 384 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് 334 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ 140 ല്‍ നില്‍ക്കെ 60 റണ്‍സ് എടുത്ത് ഡേവിഡ് വാര്‍ണറെ ക്രിസ് വോക്‌സ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളില്‍ എത്തിച്ചു. ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞ് സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെയും വോക്‌സ് മടക്കി.
72 റണ്‍സ് എടുത്ത ഖവാജ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. പിന്നീട് എത്തിയ മാര്‍നസ് ലാബു ഷെയ്‌നും കാര്യമായി ഒന്നും ചെയ്യാന്‍ ആകാതെ മാര്‍ക് വുഡിനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ ആസ്‌ട്രേലിയന്‍ ക്യാമ്പ് ആശങ്കയിലായി. ട്രാവിസ് ഹെഡുമൊത്ത് സ്റ്റീവന്‍ സ്മിത്ത് പതിയെ ഓസീസിനെ തിരികെ കളിയിലേക്ക് കൊണ്ടുവന്നു.
ലഞ്ചിന് പിരിയുമ്പോള്‍ ഏഴു വിക്കറ്റ് ശേഷിക്കേ ആസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ 146 റണ്‍സ് മതിയായിരുന്നു. സ്മിത്തും ഹെഡും നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടെയും താളം തെറ്റിച്ച് മഴയെത്തി. കളി കുറച്ചുനേരം തടസ്സപ്പെട്ടതോടെ മത്സരത്തിന്റെ ഗതി തന്നെ മാറി. കളി തുടങ്ങിയതോടെ ഹെഡും സ്മിത്തും വേഗത്തില്‍ മടങ്ങി.
മിച്ചല്‍ മാര്‍ഷും അലക്‌സ്‌കാരിയും അതിവേഗം മടങ്ങിയതോടെ ഓസീസ് തലകുനിച്ചു. ഇംഗ്ലണ്ടിനായി വോക്‌സ് നാലും മോയിന്‍ അലി മൂന്നും വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡ് ഒരു വിക്കറ്റെടുത്തു. അവസാന പന്ത് വിക്കറ്റ് നേടിയും അവസാനം ഫേസ് ചെയ്ത പന്ത് സികസറിനു പറത്തിയും ബ്രോഡ് കരിയര്‍ അവസാനിപ്പിച്ചു.