ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി20യിലെ തോല്‍വിയ്ക്കു പിന്നാലെ ടീം ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ആദ്യ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ ഐസിസി പിഴ ചുമത്തും. മത്സരത്തില്‍ ഓവറുകള്‍ കൃത്യസമയത്തു പൂര്‍ത്തിയാക്കാത്തതിന് മാച്ച് ഫീസിന്റെ അഞ്ച് ശതമാനമാണ് ഇന്ത്യ പിഴയായി അടയ്‌ക്കേണ്ടത്. അതെസമയം വെസ്റ്റിന്‍ഡീസ് ടീമിന് പത്തു ശതമാനമാണു പിഴ.
ഐസിസി എലീറ്റ് പാനല്‍ അംഗം റിച്ചി റിച്ചാഡ്‌സണാണ് ഇരു ടീമുകള്‍ക്കുമെതിരെ പിഴ ചുമത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ റോമന്‍ പവലും ശിക്ഷ അംഗീകരിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇരു ടീമുകള്‍ക്കുമെതിരെ നടപടി വേണ്ടതാണെന്ന് ഓണ്‍ഫീല്‍ഡ് അംപയര്‍മാരും തേര്‍ഡ് അംപയറും വ്യക്തമാക്കി.
ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലു റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് കീഴടക്കിയത്. ജയത്തോടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തി. വെസ്റ്റിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍, ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഗയാനയില്‍ നടക്കും.