ഹാങ്ചോ : പുരുഷ ഹോക്കിയിൽ ലോക മൂന്നാം നമ്പർ ടീമായ ഇന്ത്യ ആദ്യ പൂൾ മത്സരത്തിൽ, 66–ാം സ്ഥാനക്കാരായ ഉസ്ബെക്കിസ്ഥാനെ 16–0ന് തകർത്തു. ക്യാപ്റ്റൻ ഹർമൻപ്രീതിന് വിശ്രമമനുവദിച്ച മത്സരത്തിൽ ലളിത് ഉപാധ്യായ, വരുൺകുമാർ, മൻദീപ് സിങ് എന്നിവർ ഹാട്രിക്കുകളുമായി തിളങ്ങി.
ലളിത്(7, 24, 37, 53 മിനിറ്റുകൾ), വരുൺ(12, 36,50. 52) എന്നിവർ 4 ഗോളുകൾ വീതവും മൻദീപ് (18, 27, 28) 3 ഗോളും നേടി. അഭിഷേക് (17), അമിത് രോഹിദാസ് (38), സുഖ്ജീത്(42), ഷംഷേർ സിങ്(43), സഞ്ജയ്(57) എന്നിവരും സ്കോർപട്ടികയിൽ സ്ഥാനം പിടിച്ചു. നാളെ നടക്കുന്ന അടുത്ത പൂൾ മത്സരത്തിൽ സിംഗപ്പൂരാണ് ഇന്ത്യയുടെ എതിരാളികൾ.
7–ാം മിനിറ്റിൽ ലളിത് ഗോൾവേട്ട തുടങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. അതേസമയം, ആകെ നേടിയ 14 പെനൽറ്റി കോർണറുകളൽ അഞ്ചെണ്ണം മാത്രമേ ഇന്ത്യയ്ക്കു ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ, മധ്യനിരയും മുൻനിരയും ഒത്തിണക്കത്തോടെ 10 ഗോളുകൾ നേടിയത് കോച്ച് ക്രെയ്ഗ് ഫുൾട്ടന് ആശ്വാസമാകും.
അവസാനത്തെ 2 ക്വാർട്ടറുകളിൽ ഇന്ത്യ നേടിയത് 9 ഗോളുകളാണ്. ഇവയിൽ നാലെണ്ണം പെനൽറ്റി കോർണറുകളിൽ നിന്നാണ്. ഇന്ത്യയ്ക്കായി പി.ആർ.ശ്രീജേഷും ക്രിഷൻ ബഹാദൂർ പാഠക്കും മാറി മാറി ഗോൾവല കാത്തു