തിരുവനന്തപുരം: എഴുത്തുകാരനും സ്വതന്ത്ര പത്രപ്രവര്‍ത്തകനും പാരലല്‍ കോളെജ് അധ്യാപകനുമായ ശ്യാംകുമാര്‍ (67) നിര്യാതനായി. അവിവാഹിതനാണ്. പാളയംകുന്ന് കെട്ടിടത്തില്‍ പരേതരായ ശങ്കരക്കുറുപ്പിന്റെയും ഭാനുമതിഅമ്മയുടെയും മകനാണ്.
1971 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാഹിത്യ മത്സരത്തില്‍ ചെറുകഥയ്ക്ക് സമ്മാനം നേടിക്കൊണ്ടായിരുന്നു സാഹിത്യരംഗത്തേക്കുളള കടന്നുവരവ്. മറ്റൊരു സന്ധ്യകൂടി എന്ന ചെറുകഥയ്ക്കായിരുന്നു സമ്മാനം.
പില്‍കാലത്ത് വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഏതാനും നോവലുകളും നിരവധി ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുളളവയായിരുന്നു ശ്യാംകുമാറിന്റെ മിക്ക നോവലുകളും. നിങ്ങള്‍ക്കായി ഒരു പ്രേമകഥ, വാനവും ഭൂമിയും എന്നീ നോവലുകള്‍ കേരളകൗമുദി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. കേരളശബ്ദം, കുങ്കുമം തുടങ്ങിയ വാരികകളിലും നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധാരാളം രചനകളുണ്ടെങ്കിലും ഒരെണ്ണം പോലും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ജീവിതത്തിലായാലും എഴുത്തിലായാലും ആള്‍കൂട്ടങ്ങളില്‍പ്പെടാതെ ഒതുങ്ങി കഴിയുന്ന പ്രകൃതമായിരുന്നു ശ്യാമിന്റേത്. എഴുത്തുകാരന്റെ മട്ടും ഭാവവുമൊന്നുമില്ലാതെ ഏകാന്തവും ഒറ്റപ്പെട്ടതുമായ ഒരു ജീവിതമായിരുന്നു അവസാനകാലം വരെയും. കായലും സ്ത്രീയും എന്നൊരു നോവലിന്റെ രചനയിലായിരുന്നു എങ്കിലും പൂര്‍ത്തിയാക്കാനായില്ല. ആത്മസുഹൃത്ത് എസ് ഭാസുരചന്ദ്രന്റെ നിശബ്ദം എന്ന നോവലിനെക്കുറിച്ച് കലാകൗമുദിയില്‍ അടുത്തിടെ എഴുതിയ നിശബ്ദ സുന്ദരം എന്ന ലേഖനമാണ് ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ശശികുമാരക്കുറുപ്പ്, പരേതനായ ശ്രീകുമാര്‍, രാജ്കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.