ഇടപെട്ട് കേന്ദ്രം; ഗവര്‍ണർക്ക് ഇനി സിആര്‍പിഎഫിന്റെ സഡ് പ്ലസ് സുരക്ഷ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ കൊല്ലം നിലമേലില്‍ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി.

author-image
Greeshma Rakesh
New Update
ഇടപെട്ട് കേന്ദ്രം; ഗവര്‍ണർക്ക് ഇനി സിആര്‍പിഎഫിന്റെ സഡ് പ്ലസ് സുരക്ഷ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇനി മുതൽ കേന്ദ്രസുരക്ഷ.ഗവർണർക്കും കേരള രാജ്ഭവനും സിആർപിഎഫിൻ്റെ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.ഇനി കേരള പൊലീസ് സുരക്ഷ ഇല്ല.പകരം ശനിയാഴ്ച മുതൽ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ കൊല്ലം നിലമേലില്‍ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി. വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പൊലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു.

എസ്.എഫ്.ഐ പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്ന് ഗവർണർ ആരോപിച്ചു. അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്ഐആർ രേഖകൾ കാണിച്ച ശേഷമായിരുന്നു പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.

സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്.എഫ്.ഐക്കാര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കുനേരെ കയര്‍ക്കുകയായിരുന്നു.

kerala amitshah governor central government arif muhammad khan sfi