കോഴിക്കോട്: മലയാളത്തിന്റെ പ്രിയകഥാകാരി പി.വല്‍സലയുടെ സംസ്‌കാരം നാളെ നടക്കും. വൈകിട്ട് നാലിന് വെസ്റ്റ് ഹില്‍ ശ്മശാനത്തിലാണ് സംസ്‌കാരം. രാവിലെ മുതല്‍ 12 മണി വരെ മൃതദേഹം വെള്ളിമാട്കുട്ടിലെ വീട്ടിലും 12 മുതല്‍ മൂന്ന് മണി വരെ കോഴിക്കോട് ടൗഹാളിലും പൊതു ദര്‍ശനത്തിന് വയ്ക്കും.
വൈകിട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ അനുശോചന യോഗം ചേരും. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു പി.വല്‍സല (84) അന്തരിച്ചത്.
കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷയാണ്. നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
അക്കാദമിയുടെ വിശിഷ്ടാംഗത്വവും നേടി.
കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്പത്ത് പത്മാവതിയുടെയും മകളായി 1939 ആഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുട്ടില്‍ ജനിച്ചു. ഹൈസ്‌കൂള്‍ പഠനകാലത്ത് വാരികകളില്‍ കഥയും കവിതയും എഴുതിത്തുടങ്ങി.
അധ്യാപികയായി ജോലി ചെയ്തിരുന്ന പി.വല്‍സല 1993ല്‍ കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.
1975ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2007ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു.
തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം, കുങ്കുമം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ അക്ഷരം അവാര്‍ഡ്, മയില്‍പീലി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.
അധ്യാപകനും സഹപ്രവര്‍ത്തകനുമായിരുന്ന എം.അപ്പുക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: അരുണ്‍ മാറോളി (സീനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, യുഎസ്എ), ഡോ.എം.എ.മിനി. മരുമക്കള്‍: കസ്തൂരി നമ്പ്യാര്‍, ഡോ.നിനാകുമാര്‍ (മുന്‍ കോഴിക്കോട് ജില്ലാ വെറ്ററിനറി ഓഫിസര്‍).