ഭോപ്പാൽ: ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം ഉജ്ജയനിയിൽ സ്ഥാപിച്ചു. പുരാതന ഇന്ത്യൻ പരമ്പരാഗത പഞ്ചാംഗമനുസരിച്ച് സമയം പ്രദർശിപ്പിക്കുന്ന ക്ലോക്കിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഉജ്ജയനി നഗരത്തിലെ ജന്ദർമന്ദറിൽ പണികഴിപ്പിച്ച 85 അടി ഉയരമുള്ള ടവറിലാണ് വേദ ഘടികാരം സ്ഥാപിച്ചിരിക്കുന്നത്. 2022 നാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്.
ഗ്രഹ സ്ഥാനങ്ങൾ, വൈദിക ഹിന്ദു പഞ്ചാംഗം, മുഹൂർത്തം, പ്രവചനങ്ങൾ തുടങ്ങിയവയാണ് ഘടികാരത്തിന്റെ പ്രധാന സവിശേഷതകൾ. മാത്രമല്ല ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും ഗ്രീൻവിച്ച് സമയവും ഇതിൽ പ്രദർശിപ്പിക്കാനാകും.വൈദിക ഹിന്ദു പഞ്ചാംഗത്തിൽ നിന്നുള്ള 30 മുഹൂർത്തങ്ങൾ, തിഥികൾ, മറ്റ് വിവിധ സമയ കണക്കുകൂട്ടലുകൾ എന്നിവ ക്ലോക്കിൽ പ്രദർശിപ്പിക്കും.
ഒരു സൂര്യോദയം മുതൽ അടുത്തത് വരെയുള്ള സമയം അടിസ്ഥാനമാക്കിയാണ് വേദ ഘടികാരം പ്രവർത്തിക്കുന്നതെന്ന് വേദിക്ക് ക്ലോക്ക് ഡവലപ്പ്‌മെന്റ് ടീം പ്രതിനിധി ശിശിർ ഗുപ്ത പറഞ്ഞു. രണ്ട് സൂര്യോദയങ്ങൾക്കിടയിലുള്ള സമയം ഐഎസ്ഡി അനുസരിച്ച് ഒരു മണിക്കൂർ 48 മിനിട്ട് അടയാളപ്പെടുത്തുന്ന 30 ഭാഗങ്ങളാക്കി വിഭജിച്ചിട്ടുണ്ട്.
ലോകത്തിലെ സ്റ്റാൻഡേർഡ് സമയം മൂന്ന് നൂറ്റാണ്ട് മുൻപ് നിശ്ചയിച്ചിരുന്നത് ഉജ്ജയിനിയിൽ നിന്നാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2022 നവംബർ 6 ന് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇപ്പോഴത്തെ സംസ്ഥാന മുഖ്യമന്ത്രിയുമായ മോഹൻ യാദവ് തറക്കല്ലിട്ടുകൊണ്ടുള്ള വേദ ഘടികാരത്തിൻ്റെ അനാച്ഛാദനം രാജ്യത്തിന്റെ ഒരു സുപ്രധാന നേട്ടത്തെ അടയാളപ്പെടുത്തുന്നു.