ഒരു നൂറ്റാണ്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത ബോബി വിടവാങ്ങി; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ ബോബി വിടവാങ്ങി. 31 വര്‍ഷവും 165 ദിവസം ജീവിച്ച ബോബി ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു.

author-image
Web Desk
New Update
ഒരു നൂറ്റാണ്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത ബോബി വിടവാങ്ങി; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ...

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ്
റെക്കോര്‍ഡ് നേടിയ ബോബി വിടവാങ്ങി. 31 വര്‍ഷവും 165 ദിവസം ജീവിച്ച ബോബി ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. ഒരു നൂറ്റാണ്ടായി നിലനിന്നിരുന്ന റെക്കോര്‍ഡാണ് ബോബി മുപ്പതാം വയസ്സില്‍ തകര്‍ത്തത്. 1939-ല്‍, 29 വര്‍ഷവും 5 മാസവും പ്രായമുള്ളപ്പോള്‍ മരിച്ച ഓസ്ട്രേലിയയിലെ ബ്ലൂയി ആയിരുന്നു മുമ്പത്തെ ഏറ്റവും പ്രായം കൂടിയ നായ.

പോര്‍ച്ചുഗലിന്റെ പടിഞ്ഞാറന്‍ തീരത്തിനടുത്തുള്ള കോണ്‍ക്വീറോസ് ഗ്രാമത്തില്‍, മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് ബോബിയുടെ ജനനം. ഉടമ ലിയോണല്‍ കോസ്റ്റയ്ക്കും കുടുംബത്തിനുമൊപ്പമാണ് തന്റെ ജീവിതകാലം മുഴുവന്‍ ബോബി ചിലവഴിച്ചത്.

1992-ല്‍ പോര്‍ച്ചുഗലിലെ ലെരിയ നഗരത്തിലെ ഒരു വെറ്റിനറി മെഡിക്കല്‍ സര്‍വീസിലും പോര്‍ച്ചുഗീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വളര്‍ത്തുമൃഗങ്ങളുടെ ഡാറ്റാബേസിലും റജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രായം തിരിച്ചറിഞ്ഞത്. 31-ാം ജന്മദിനത്തില്‍ ബോബിക്ക് വേണ്ടി പരമ്പരാഗത പോര്‍ച്ചുഗീസ് ശൈലിയുള്ള ജന്മദിന പാര്‍ട്ടി ബോബിക്ക് വേണ്ടി കോസ്റ്റ ഒരുക്കിയിരുന്നു. അതില്‍ നൂറിലധികം അതിഥികളാണ് അന്ന് പങ്കെടുത്തത്

ബോബിയുടെ ദീര്‍ഘായുസ്സിന്റെ ഒരുകാരണം ബോബി ജീവിച്ചിരുന്ന സമാധാനപരമായ അന്തരീക്ഷമായിരുന്നു എന്ന് പറയപ്പെടുന്നു. ബോബിയെ ഒരിക്കലും കെട്ടിയിട്ടിരുന്നില്ല എന്ന് കോസ്റ്റ പറയുന്നു.

2018-ല്‍ ശ്വാസതടസ്സം മൂലം പെട്ടെന്ന് കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതല്ലാതെ ബോബിക്ക് മറ്റ് കാര്യമായ അസുഖങ്ങളൊന്നും പിടിപെട്ടിരുന്നില്ലെന്ന് കോസ്റ്റ പറഞ്ഞു.

അവസാന നാളുകളില്‍ ബോബിയുടെ കാഴ്ചശക്തി കുറയുകയും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു.

കോസ്റ്റയുടെ വളര്‍ത്തുനായക്കളില്‍ ദീര്‍ഘകാലം ജീവിച്ച നായ ബോബി മാത്രമായിരുന്നില്ല. ബോബിയുടെ അമ്മ 18 വയസ്സ് വരെ ജീവിച്ചിരുന്നു. കുടുംബത്തിലെ മറ്റൊരു നായ 22-ാം വയസ്സിലാണ് മരിക്കുന്നത്.

 

Latest News newyork newsupdate oldestdog dog