ടെൽ അവീവ്: ലോക ശിശുദിനത്തിൽ ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയ കുട്ടികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 40 ലധികം കുട്ടികൾ ഹമാസിന്റെ തടങ്കലിലാണെന്ന് ഇസ്രായേൽ അറിയിച്ചു.
അവരെ തിരികെ എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇസ്രായേൽ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച ഇസ്രായേൽ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് കുട്ടികളുടെ ചിത്രം പങ്കുവച്ചത്.
"ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കൂ. ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയ പിഞ്ചുകുഞ്ഞുങ്ങളും കുട്ടികളുമാണ്. ഗാസയിലെവിടെയോ ഒരു ഇരുണ്ട മുറിയിലല്ല, അവർ അവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണം. അവരെ വീട്ടിലേക്ക് കൊണ്ടുവരിക!" -എന്നായിരുന്നു പോസ്റ്റ്. ലോക ശിശുദിനമാണെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രതിരോധ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ബെന്നി ഗാന്റ്‌സും ചിത്രം പോസ്റ്റ് ചെയ്തു.
അതെസമയം ഹമാസ് ഭീകരസംഘടനയുമായുള്ള താൽക്കാലിക വെടിനിർത്തലിന് പകരമായി എല്ലാ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.
ഒക്‌ടോബർ 7 ന് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ നിരവധി ഇസ്രായേലികൾക്കാണ് ജീവൻ നഷ്ടമായത്. ഹമാസ് ബന്ദികളാക്കിയ 240 ലധികം പേരിൽ 40 കുട്ടികളും പിഞ്ചുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 3,000 ഭീകരർ അതിർത്തി കടന്ന് 1,200 ഓളം ആളുകളെ കൊന്നൊടുക്കി. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.
ഇതിന് മറുപടിയായുള്ള ഇസ്രായേലിന്റെ ആക്രമണത്തിൽ ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ ഗാസയിൽ 13,000 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈനിക പ്രചാരണത്തിൽ ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ ഇല്ലാതാക്കുമെന്ന് ഇസ്രായേൽ പ്രതിജ്ഞയെടുത്തിരുന്നു.