'സ്ത്രീകള്‍ക്ക് വിവേചനം, വിവാഹശേഷം ജോലി നിഷേധം, ഗര്‍ഭിണിക്ക് തൊഴില്‍ നഷ്ടം!'

സ്ത്രീകള്‍ ഒട്ടേറെ വിവേചനങ്ങള്‍ നേരിടുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

author-image
Web Desk
New Update
'സ്ത്രീകള്‍ക്ക് വിവേചനം, വിവാഹശേഷം ജോലി നിഷേധം, ഗര്‍ഭിണിക്ക് തൊഴില്‍ നഷ്ടം!'

ആലപ്പുഴ: സ്ത്രീകള്‍ ഒട്ടേറെ വിവേചനങ്ങള്‍ നേരിടുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മത്സ്യ സംസ്‌കരണ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ എരമല്ലൂര്‍ സെന്റ് ജൂഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ വേതനം ലഭിക്കുന്നില്ല. ചിലയിടങ്ങളില്‍ വിവാഹ ശേഷം ജോലി നിഷേധിക്കുന്നുണ്ട്. ഗര്‍ഭിണിയായ ശേഷം തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്.

അടുത്തിടെ ഒരു ഡോക്ടര്‍ക്ക് അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പ്രസവ ആനുകൂല്യം നിഷേധിച്ചുവെന്ന പരാതി വനിതാ കമ്മിഷന്റെ പരിഗണനയ്ക്കു വന്നിരുന്നു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരി അല്ല എന്ന സമീപനമാണ് സ്ഥാപന മാനേജ്‌മെന്റ് കൈക്കൊണ്ടത്. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം ഉറപ്പുവരുത്തേണ്ടതുണ്ട്.

രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍ സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതേപോലെ വനിതാ ക്ഷേമ പദ്ധതികള്‍ ഏറ്റവും മികച്ച നിലയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളുടെയും പ്രയോജനം സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയെന്നതാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. വിവേചനങ്ങളും ചൂഷണങ്ങളും സംബന്ധിച്ച പരാതികള്‍ പരിശോധിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയും വനിതാ കമ്മിഷന്റെ ലക്ഷ്യമാണ്.

എല്ലാ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലേക്കും നേരിട്ടു ചെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാര നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനായി പബ്ലിക് ഹിയറിംഗ്, പട്ടികവര്‍ഗ മേഖലാ ക്യാമ്പ്, തീരദേശ ക്യാമ്പ് തുടങ്ങിയ പരിപാടികള്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ചു വരുകയാണ്. സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള അവസരമാണ് വനിതാ കമ്മിഷന്‍ ഒരുക്കിയിട്ടുള്ളതെന്നും സതീദേവി പറഞ്ഞു.

 

kerala kerala news p satheedevi womens commission