തിരുവനന്തപുരം: 50 ശതമാനം സംവരണത്തിന് വനിതകൾക്ക് അർഹതയുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. സ്ത്രീപക്ഷ സംസ്ഥാനമാക്കി കേരളത്തെ മാറ്റണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. സ്ത്രീ വിരുദ്ധ മനോഭാവം സമൂഹത്തിന്റെ പൊതുബോധത്തിൽ നില നിൽക്കുന്നുണ്ട്. ഇതിനു മാറ്റമുണ്ടാക്കാനാണ് വനിതാ കമ്മിഷൻ ശ്രമിക്കുന്നതെന്നും സതീദേവി പറഞ്ഞു.
ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ വനിതാ കമ്മിഷനും സുശീല ഗോപാലൻ സ്മാരക സ്ത്രീ പദവി നിയമപഠന കേന്ദ്രവും സംയുക്തമായി തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഏഴര പതിറ്റാണ്ടിനു ശേഷവും മൂന്നിലൊന്ന് സംവരണം ലഭ്യമാക്കുന്നതിന് മാത്രമാണ് തീരുമാനമായത്. ഇത് എന്നു നടപ്പാക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്. മണ്ഡല പുനസംഘടനയും ജനസംഖ്യാ കണക്കെടുപ്പും കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാകും ഇപ്പോൾ തീരുമാനിച്ചിട്ടുള്ള മൂന്നിലൊന്ന് സംവരണം നടപ്പാക്കുക. തുല്യ നീതി വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ അന്തസത്തയോടു നീതി പുലർത്താൻ സാധിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സതീദേവി പറഞ്ഞു.
അതെസമയം പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകളുടെ പരാതി സ്വീകരിച്ച് നടപടി വേഗമാക്കുന്നതിന് വനിതാ ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നുണ്ടെന്ന് സ്ത്രീ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് മെറിൻ ജോസഫ് പറഞ്ഞു.
എല്ലാ സ്ഥാപനങ്ങളിലും വനിതകളുടെ പരാതികൾ പരിശോധിക്കുന്നതിന് ആഭ്യന്തര സമിതി രൂപീകരിക്കണമെന്നും അവർ പറഞ്ഞു.സ്ഥാപനങ്ങളിൽ വനിതകളുടെ പരാതി പരിശോധിക്കുന്നതിന് ആഭ്യന്തര സമിതി രൂപീകരിച്ചിട്ടില്ലെങ്കിൽ 50000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് വനിതാ കമ്മിഷന്റെ ഹൈക്കോടതി സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. പാർവതി മേനോൻ പറഞ്ഞു.
വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ് ജി എൽ എസ് പ്രസിഡന്റ് അഡ്വ. സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തി. എസ്.ജി.എൽ.എസ് സെക്രട്ടറി ഡോ. ടി. ഗീനാകുമാരി, വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, എ.ഐ.ഡി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിച്ചു.