ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ജനുവരി 22 ന് കര്‍ണാടകയില്‍ പൊതു അവധി പ്രഖ്യാപിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഡി കെ ശിവകുമാര്‍ വിശദീകരിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പേരില്‍ രാമനുണ്ട്, എന്റെ പേരില്‍ ശിവനുണ്ട്. ആരും ഞങ്ങളെ ഒന്നും പഠിപ്പിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യേണ്ട. ഞങ്ങളുടെ ജോലി ചെയ്യും.
പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് നേതാക്കളെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുക്കുകയാണ്. രാജ്യത്തു നിരവധി നേതാക്കളും മുഖ്യമന്ത്രിമാരുമുണ്ട്. ഇതൊരു സ്വകാര്യ പരിപാടിയല്ല, പൊതു ഇടമാണ്. ഒരു വ്യക്തിയുടേതല്ല എല്ലാ മതങ്ങളും ചിഹ്നങ്ങളുമെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.
ഞങ്ങളുടെ ഭക്തിക്കും മതത്തിനും പ്രചാരണം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ക്ഷേത്രത്തില്‍ ഞങ്ങളുടെ മന്ത്രിമാര്‍ പൂജ നടത്തുന്നുണ്ടെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.