ന്യൂഡല്‍ഹി:കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അമേരിക്കയില്‍ നിന്ന് വന്‍ തിരിച്ചടി. കാനഡയില്‍ കൊല്ലപ്പെട്ട സിഖ് ഭീകരന്‍ നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ കുറിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അമേരിക്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശമില്ല.
നേരത്തെ ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പത്രസമ്മേളനത്തില്‍ ജയശങ്കര്‍ - ബ്ലിങ്കന്‍ കൂടിക്കാഴ്ച്ചയില്‍ നിജ്ജാറിന്റെ കൊലപാതകം ബ്ലിങ്കന്‍ ഉന്നയിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പരാമര്‍ശിക്കാതെ അമേരിക്ക പുറത്തിറക്കിയ പ്രസ്താവന കാനഡയ്ക്ക് വന്‍ തിരിച്ചടിയും ഇന്ത്യയ്ക്ക് വന്‍ നയതന്ത്ര വിജയവുമായി.
കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു :എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി: സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്‍ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണം അതാണെന്നും ജയശങ്കര്‍ പറഞ്ഞു. എന്നാല്‍ ശക്തമായ നയതന്ത്ര പോരിനിടയില്‍ ട്രൂഡോയുടെ സൗഹ്യദ പ്രസ്താവന ശ്രദ്ധേയമായി.
വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഇന്തോ - പസഫിക് തന്ത്രം അവതരിപ്പിച്ചത് പോലെ ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് വളരെ ഗൗരവതരമായ കാര്യമാണ്. കാനഡയും അതിന്റെ സഖ്യകക്ഷികളും ഇന്ത്യയുമായി ക്രിയാത്മകമായും ഗൗരവത്തോടെയും ഇടപഴകുന്നത് വളരെ പ്രധാനമാണെന്ന് താന്‍ കരുതുന്നു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെ കുറിച്ച് പരസ്യമായി കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ ഉന്നയിക്കുമെന്ന് യു.എസ് ഉറപ്പു നല്‍കിയതായും ട്രൂഡോ മോണ്‍ട്രിയലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഭീഷണിയുമായി പന്നൂന്‍
ഇന്ത്യ - പാക്കിസ്ഥാന്‍ ഐസിസി ലോകകപ്പ് മത്സരത്തിന് മുന്നോടിയായി കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സ്ഥാപകനും സിഖ് ഭീകരനുമായ ഗൂര്‍പത്വന്ത് സിംഗ് പന്നൂന്‍ ഭീഷണി മുഴക്കി. ഇത് ലോകകപ്പിന്റെയല്ല ലോക ഭീകര കപ്പിന്റെ തുടക്കമായിരിക്കുമെന്നാണ് പന്നൂന്‍ ഭീഷണിപ്പെടുത്തിയത്. ഷഹീദ് നിജ്ജാറിന്റെ കൊലപാതകത്തിന് ഞങ്ങള്‍ പ്രതികാരം ചെയ്യാന്‍ പോകുകയാണ്.
റെക്കാര്‍ഡ് ചെയ്ത ഭീഷണി സന്ദേശത്തില്‍ പന്നൂന്‍ പറയുന്നു. പന്നുനിനെതിരെ 2021 ഫിബ്രുവരി മൂന്നിന് പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. 2019 ലാണ് തീവ്രവാദ ഫെഡറല്‍ ഏജന്‍സി പന്നൂനി തിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവിധ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ മുന്‍കൂട്ടി റെക്കാര്‍ഡ് ചെയ്ത ഭീഷണി സന്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്ന് അഹമ്മദ്ബാദ് സൈബര്‍ ക്രൈം ഡിസിപി അജിത് രാജിയന്‍ അറിയിച്ചു.