ടെല്‍ അവീവ്: ഗാസയ്ക്കെതിരെ ഇസ്രയേല്‍ സൈനിക നടപടികള്‍ മൂന്ന് മാസത്തോളം തുടര്‍ന്നേക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. യുദ്ധത്തിന്റെ അവസാനം ഹമാസ് ഉന്മൂലനം ചെയ്യപ്പെടുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. വ്യോമസേനയെ അഭിനന്ദിച്ച അദ്ദേഹം, കര മാര്‍ഗമുള്ള ആക്രമണം ഉടന്‍ ഉണ്ടാകുമെന്നും അറിയിച്ചു. ഹമാസുമായി ഒരു തരത്തിലുള്ള വെടിനിര്‍ത്തല്‍ കരാറിനും തയാറല്ലെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇസ്രയേല്‍ വ്യോമസേനയുടെ നടപടികള്‍ വിലയിരുത്തിയ ശേഷമായിരുന്നു യോവ് ഗാലന്റിന്റെ പ്രതികരണം. 'പ്രതിരോധസേനയ്ക്ക് യുദ്ധ തന്ത്രങ്ങളില്‍ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. ഗാസയില്‍ നമ്മുടെ അവസാനത്തെ പ്രവര്‍ത്തനം ആയിരിക്കണം ഇത്. ലളിതമായി പറഞ്ഞാല്‍ ഹമാസ് ഇനി ഉണ്ടായിരിക്കരുത്', പ്രതിരോധ മന്ത്രി പറഞ്ഞു.
കരയാക്രമണത്തിന് സൈനികര്‍ക്ക് സഹായം ഒരുക്കുന്നതിനായി ശനിയാഴ്ച മുതല്‍ വ്യോമാക്രമണം ഇസ്രയേല്‍ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 320 ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു.
അതേസമയം, കരയാക്രമണം ഉടന്‍ നടത്തരുതെന്ന് യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയില്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണിത്. ചര്‍ച്ചകളുടെ ഭാഗമായി വെള്ളിയാഴ്ച രണ്ട് അമേരിക്കന്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.