ഐസോള്‍: അഞ്ച് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാനിരിക്കെ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ നിശ്ചയിച്ച ഡിസംബര്‍ മൂന്നില്‍ നിന്ന് ഡിസംബര്‍ നാലാം തീയതിയിലേക്കാണ് വോട്ടെണ്ണല്‍ മാറ്റിയത്. വോട്ടെണ്ണല്‍ തീയതി മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മിസോറം എന്‍ജിഓ കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാനത്ത് നടത്തി വന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
ജനസംഖ്യയില്‍ 87 ശതമാനത്തിലധികവും ക്രൈസ്തവരാണ് മിസോറാമില്‍. അതിനാല്‍ത്തന്നെ ഞായറാഴ്ച ദിവസങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റുസംഘടനകളും വ്യക്തികളും സഭാ പരിപാടികളും പ്രാര്‍ഥനാ പരിപാടികളുമായി കഴിയുന്നതാണ് സംസ്ഥാനത്തെ പതിവുരീതി. ഇത് തടസ്സപ്പെടുത്തരുതെന്നും തീയതി മാറ്റണമെന്നും ആവശ്യപ്പെട്ട് എം.എന്‍.എഫ്., ബി.ജെ.പി. ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.