വാഷിംഗ്ടൺ: അയോവ റിപ്പബ്ലിക്കൻ കോക്കസുകളിലെ മോശം പ്രകടനത്തെ തുടർന്ന് 2024 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഇന്ത്യൻ-അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമി പിന്മാറി. മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കോക്കസിൽ വിജയിച്ചതിന് പിന്നാലെയാണ് വിവേക് രാമസ്വാമി പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ഡൊണാൾഡ് ട്രംപിനെ അംഗീകരിക്കുന്നതായും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാലും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നും 38 കാരനായ വിവേക് രാമസ്വാമി പറഞ്ഞു.അതെസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക വിവേക് വരുമോ എന്നത് സംബന്ധിച്ചുള്ള ചർച്ചകളും ഉയർന്നവരുന്നുണ്ട്.
2023 ഫെബ്രുവരിയിൽ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ അജ്ഞാതനായിരുന്ന രാമസ്വാമിക്ക് കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളിലൂടെയും അമേരിക്ക ഫസ്റ്റ് എന്ന സമീപനത്തിലൂടേയും റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിൽ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ കഴിഞ്ഞു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വരത്തിലും നയത്തിലും പ്രതിഫലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണ തന്ത്രം.
തിരഞ്ഞെടുപ്പുകളിൽ ട്രംപിനെ വിജയപ്പിച്ച യാഥാസ്ഥിതിക അടിത്തറയിൽ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെയും പ്രചരണം. അതേസമയം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന്റെ മുൻനിരക്കാരൻ എന്ന നിലയിൽ തന്റെ സ്ഥാനം ഉറപ്പിച്ച് കൊണ്ട് ട്രംപ് അയോവയിൽ തിങ്കളാഴ്ച വിജയിച്ചിരുന്നു. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റാണ് അയോവ.
53.3 ശതമാനം വോട്ട് നേടിയാണ് ട്രംപിന്റെ വിജയം. രാമസ്വാമിയുടെ മാതാപിതാക്കൾ ദക്ഷിണേന്ത്യക്കാരാണ്. ഒഹായോയിലാണ് രാമസ്വാമിയുടെ ജനനം. 2014-ൽ അദ്ദേഹം സ്വന്തം ബയോടെക് കമ്പനിയായ റോവന്റ് സയൻസസ് സ്ഥാപിച്ച വിവേക് രാമസ്വാമി ഇതുവരെ പൂർണ്ണമായും വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യാത്ത മരുന്നുകൾക്കായി വലിയ കമ്പനികളിൽ നിന്ന് പേറ്റന്റുകൾ വാങ്ങിയാണ് ബിസിനസ് ആരംഭിക്കുന്നത്. 2021-ൽ അദ്ദേഹം കമ്പനിയുടെ സി ഇ ഒ സ്ഥാനം രാജിവച്ചു. ബിസിനസ് മാഗസിൻ ഫോർബ്‌സിന്റെ 2023 ലെ കണക്ക് പ്രകാരം 630 മില്യൺ ഡോളറാണ് രാമസ്വാമിയുടെ സമ്പത്ത്