ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചിന്റെ രണ്ടാം ദിനത്തിലും കര്‍ഷകരും പൊലീസും ഏറ്റുമുട്ടി. ഡ്രോണ്‍ ഉപയോഗിച്ച് ടിയര്‍ ഗ്യാസ് ഷെല്ലുകളും ജലപീരങ്കികളുമായി ബുധനാഴ്ചയും പൊലീസ് കര്‍ഷകരെ നേരിട്ടു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി 60 പേര്‍ക്ക് പരിക്കേറ്റതായി സ്ഥഘടന നേതാക്കള്‍ പറഞ്ഞു. 24 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി പൊലീസും അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക നേതാവ് ജഗജിത് സിംഗ് ദല്ലേവാല്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ആദ്യം ഓണ്‍ലൈനായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും ഒടുവില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചാണ്ഡിഗഡില്‍ ചര്‍ച്ച നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ചര്‍ച്ചയ്ക്കുള്ള സമയം അറിയിച്ചാല്‍ ചണ്ഡിഗഡില്‍ വെച്ച് ചര്‍ച്ചയാവാമെന്ന് കര്‍ഷക നേതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരുടെ സംഘം രണ്ട് തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. സമരം തുടങ്ങിയ ശേഷം ഇന്ന് നടക്കുന്നത് മൂന്നാമത്തെ ചര്‍ച്ചയാണ്. കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഒരു കമ്മിറ്റി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളിക്കളഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയ കാര്യമാണെന്നും അതില്‍ ഒരു തുടര്‍നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
എത്ര പ്രതിരോധം തീര്‍ത്താലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ സമരം ചെയ്യുന്ന കര്‍ഷകരെ പൊലീസ് നേരിടുന്നത് ആദ്യകര്‍ഷക സമരം നേരിട്ടത് പോലെയല്ല. കര്‍ശനമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് പോലും കര്‍ഷകര്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗിക്കുകയാണ്. ട്രാക്ടറുമായി നിരോധനാജ്ഞയുള്ള പ്രദേശത്തേക്ക് പ്രവേശിക്കാന്‍ പൊലീസ് ഒരു വിധത്തിലും അനുവദി ക്കുന്നില്ല.