ന്യൂഡല്‍ഹി: പേയ്ടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ ബാങ്കിന്റെ നോണ്‍എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവച്ചു. പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെയുള്ള റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെയാണ് നടപടി. പേയ്ടിഎമിന്റെ എംഡി സ്ഥാനത്ത് അദ്ദേഹം തുടരും. പേയ്ടിഎം ബാങ്ക് പുതിയ ചെയര്‍മാനെ വൈകാതെ നിയമിക്കും.
നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തിനു പിന്നാലെ ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തുനിന്നും വിജയ് ശര്‍മ രാജിവച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധര്‍, മുന്‍ ഐഎഎസ് ഓഫിസര്‍ ദേവേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ രജനി എസ്.സിബല്‍ തുടങ്ങിയവരെ പുതിയ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചു.
ചട്ടലംഘനം ആരോപിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ അന്ത്യശാസനം നല്‍കിയിരുന്നു. മാര്‍ച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്‌സ് / കറന്റ് അക്കൗണ്ടുകള്‍, വോലറ്റ്, ഫാസ്ടാഗ്, നാഷനല്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍ബിഐ വിലക്കിയിരിക്കുന്നത്.