ഗാസ: ഇസ്രായേലിനെതിരെയുള്ള യുദ്ധത്തിന് ഹമാസ് തീവ്രവാദികൾ പരിശീലനം നേടിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. 2022 സെപ്‌റ്റംബർ 12ന് ഹമാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ തീവ്രവാദികൾ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് താല്കാലികമായി നിർമ്മിച്ച അതിർത്തി ഗേറ്റിൽ സ്‌ഫോടനം നടത്തുന്നതും കാണാം.
ഇസ്രായേൽ നഗരം, മനുഷ്യരുടെ ചിത്രങ്ങൾ പതിച്ച പേപ്പർ എന്നിവ ലക്ഷ്യമാക്കി ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.മാത്രമല്ല റോക്കറ്റുകൾക്ക് നേരെ വെടിയുതിർക്കുന്നതും, ഇസ്രായേലി കെട്ടിടങ്ങളിൽ ഒളിച്ചിരിക്കുന്നതായി അഭിനയിക്കുന്നവരെ തീവ്രവാദികൾ പിടികൂടുന്നതും കാണാം.
ഹമാസ് പരിശീലനം നടത്തിയതായി പറയുന്ന പ്രദേശം ഇപ്പോൾ നിർമ്മിച്ചതാണെന്നും ഗാസയ്ക്കും ഇസ്രായേലിനുമിടയിലുള്ള കാൽനട പാതയായ എറെസ് ക്രോസിംഗിന് വളരെ അടുത്തായിട്ടാണെന്നും പറയുന്നു. മാത്രമല്ല ഒരു വർഷം മുമ്പ് എടുത്ത മറ്റൊരു വീഡിയോയിൽ ഹമാസ് പോരാളികൾ പാരാഗ്ലൈഡറുകൾ ഉപയോഗിക്കുന്നതും ആക്രമണങ്ങൾ നടത്തുന്നത് പരിശീലിക്കുന്നതും കാണാം. ഒക്ടോബർ 7ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമാണ് ഈ വിഡിയോയിലുള്ളത്.
ഹമാസ് പുറത്തുവിട്ട രണ്ട് വർഷത്തെ പരിശീലനവും വീഡിയോയും കഴിഞ്ഞ ആഴ്‌ച നടന്ന ആക്രമണത്തിന് മാസങ്ങളുടെ തയ്യാറെടുപ്പുകൾ നടന്നുവെന്നത് വെളിപ്പെടുത്തുന്നു. ഗാസയിലുടനീളമുള്ള കുറഞ്ഞത് ആറ് പ്രദേശത്തെങ്കിലും ഹമാസ് ആക്രമണത്തിന് പരിശീലനം നടത്തിയതായാണ് സൂചന. ദൃശ്യങ്ങളിൽ ഗാസ-ഇസ്രായേൽ അതിർത്തിയിലെ ഏറ്റവും ഉറപ്പുള്ളതും ഇസ്രായേലിന്റെ പരിശോധന നടക്കുന്നതുമായ പ്രദേശത്ത് നിന്ന് ഒരു മൈലിലധികം മാത്രം അകലെയുള്ള സ്ഥലത്താണ് ഹമാസ് സംഘം പരിശീലനം നടത്തിയതെന്നാണ് സൂചന.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്യാമ്പുകളിൽ പ്രവർത്തനം നടന്നിരുന്നതായും ചില ക്യാമ്പുകൾക്ക് ചുറ്റുമുള്ള കൃഷിയിടങ്ങൾ പരിശീലനത്തിനായി ഹമാസ് തരിശ് ഭൂമിയാക്കി മാറ്റിയതായും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.ഇതെല്ലാം ഇസ്രായേൽ സുരക്ഷാ, രഹസ്യാന്വേഷണ, പ്രവർത്തനങ്ങളുടെ പരാജയത്തിനെകുറിച്ചുള്ള ചോദ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.
ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ഹമാസ് തീവ്രവാദികൾക്ക് ആക്രമണത്തിന് പരിശീലനം നൽകിയിരുന്നു. അതെസമയം ഹമാസിന് നിരവധി പരിശീലന മേഖലകളുണ്ടെന്നത് അറിയാമെന്നും, ഇസ്രായേൽ സൈന്യം വർഷങ്ങളായി വിവിധ ഘട്ടങ്ങളിലായി പരിശീലന മേഖലകളിൽ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഇസ്രായേൽ പ്രതിരോധ സേനയിലെ ലഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് മറുപടി നൽകി.
ഇസ്രായേലിനെതിരെയുള്ള ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ 150 പേരെ തട്ടിക്കൊണ്ടുപോയി, ഇസ്രായേൽ സൈനിക താവളങ്ങൾ കീഴടക്കി, പട്ടണങ്ങളിലും കൃഷിയിടങ്ങളിലും മാലിന്യം നിക്ഷേപിച്ചു.ആക്രമണത്തിൽ ഇരുഭാഗത്തും നിരവധി പേർക്കാണ് ജീവൻ നഷ്ട്ടമായത്.