തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ (87) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം.
ട്രേഡ് യൂണിയന്‍ രംഗത്തെ കരുത്തനായ നേതാവായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് മുന്‍ അംഗമാണ്.
1987, 1996, 2006 കാലത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ആനത്തലവട്ടം ട്രേഡ് യൂണിയന്‍ രംഗത്തെത്തിയത്. 2016-21 കാലത്ത് കയര്‍ അപ്ക്‌സ് ബോഡി അധ്യക്ഷനായിരുന്നു. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.
1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരിലാണ് ജനനം. മാതാപിതാക്കള്‍ വിളാകത്ത് വിളയില്‍ വി.കൃഷ്ണനും നാണിയമ്മയും.
1954 ല്‍ കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്റെ രാഷ്ട്രീയപ്രവേശം. വര്‍ക്കലയിലെ ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന സമരം.
1956 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിലായി.
നിരവധി തൊഴിലാളിസമരങ്ങള്‍ക്കു നേതൃത്വം നല്‍കി. പലവട്ടം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ജയില്‍മോചിതനായത്.