ബെംഗളുരു: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക് നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.നാഗപ്രസന്ന ഉച്ചയ്ക്ക് 2.30 നാണ് വിധി പറയുക.
എസ്എഫ്‌ഐഒ ഡയറക്ടറും കേന്ദ്രസര്‍ക്കാരുമാണ് എതിര്‍ കക്ഷികള്‍. മാസപ്പടി വിവാദത്തില്‍ വീണയെ ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐഒ നീക്കം നടത്തുന്നതിനിടെയായിരുന്നു ഹര്‍ജി.
കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍, കേരള വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവിടങ്ങളില്‍ നിന്ന് എസ്എഫ്‌ഐഒ പരിശോധന നടത്തി രേഖകള്‍ ശേഖരിച്ചിരുന്നു. എക്‌സാലോജിക് കമ്പനിയുടെ രേഖകള്‍ പരിശോധിക്കാനിരിക്കെയാണ് ഹര്‍ജി നല്‍കിയത്.