തൃശൂർ: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിലെ പതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണ് സുപ്രീം കോടതിയുടെ വിധിയെന്നും സതീശൻ പ്രതികരിച്ചു.പുനർനിയമനത്തിൽ സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായതായി വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിതെന്നും,ഗവർണറും ഗവൺമെന്റും തമ്മിൽ തർക്കമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അതെസമയം സർക്കാർ ചിലവിൽ നവകേരള സദസ് നടത്തി പ്രതിപക്ഷത്തെ അപമാനിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് വിഡി സതീശൻ പറഞ്ഞു. നാട്ടുകാരുടെ ചിലവിൽ അപമാനിക്കാനാണ് ശ്രമം. താൻ തോന്നിയപോലെ ചെയ്യുന്നയാളല്ല. സിപിഎമ്മിനെ സർവ്വനാശത്തിലേക്ക് നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു.
യുഡിഎഫിൽ ചർച്ചചെയ്താണ് താൻ നിലപാട് പ്രഖ്യാപിക്കുന്നത്. തോന്നിയതുപോലെ നിലപാട് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയാണ് തന്നെക്കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി സതീശൻ പറഞ്ഞു. നവകേരള സദസ്സ് ബഹിഷ്കരണത്തിലെ മുഖ്യമന്ത്രിയുടെ പരാമർശങ്ങളോടായിരുന്നു സതീശന്റെ മറുപടി.