തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിജ് തകര്‍ന്ന് 15 പേര്‍ക്ക് പരിക്ക്. ശക്തമായ തിരയില്‍ പെട്ട് ഫ്‌ലോട്ടിങ് ബ്രിജിന്റെ കൈവരി തകര്‍ന്നു. തുടര്‍ന്ന് ഫ്‌ലോട്ടിങ് ബ്രിജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
ജില്ലയിലെ ആദ്യ ഫ്‌ലോട്ടിങ് ബ്രിജാണ് വര്‍ക്കലയിലേത്. 2023 ഡിസംബര്‍ 26ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്.
തീരത്ത് നിന്നു കടലിലേക്കു ഏകദേശം 100 മീറ്റര്‍ നീളത്തിലും 3 മീറ്റര്‍ വീതിയിലും കടല്‍പാലം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം നൂറുപേര്‍ക്ക് ബ്രിജില്‍ കയറാം. 11 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, വര്‍ക്കല നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് ബ്രിജ് സ്ഥാപിച്ചത്.