'അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കുറ്റകൃത്യം'; വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം

കൊച്ചിയില്‍ പത്തുവയസുകാരിയായ മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനുമോഹന് ജീവപര്യന്തം തടവ് ശിക്ഷ. കൊലപാതകത്തിന് ആണ് സനു മോഹന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

author-image
Priya
New Update
'അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കുറ്റകൃത്യം'; വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം

കൊച്ചി: കൊച്ചിയില്‍ പത്തുവയസുകാരിയായ മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനുമോഹന് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.

കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകല്‍, ലഹരി നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം മറ്റ് അഞ്ച് വകുപ്പുകളില്‍ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വര്‍ഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

 

2021 മാര്‍ച്ച് 21നാണ് മകള്‍ വൈഗയെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛന്‍ സനുമോഹന്‍ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്.

ഇതിന് ശേഷം സ്ഥലം വിട്ട പ്രതിയെ ഒരു മാസത്തിന് ശേഷമാണ് കോയമ്പത്തൂരില്‍ നിന്നും പിടികൂടുന്നത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.

 

അന്ന് സംഭവിച്ചത് ഇങ്ങനെ:

കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് സനുമോഹന്‍ തന്റെ കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലെത്തി. വഴിയില്‍ നിന്ന് വാങ്ങിയ കൊക്കക്കോളയില്‍ മദ്യം കലര്‍ത്തി വൈഗയെ കുടിപ്പിച്ചതിന് ശേഷമാണ് ഇവരുടെ യാത്ര.

ശേഷം ഫ്‌ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചു.ശരീരത്തിന്റെ ചലനം നിന്നതോടെ മരിച്ചെന്ന് കരുതി ബോധരഹിതയായ കുട്ടിയെ മുട്ടാര്‍ പുഴയിലേക്ക് എറിഞ്ഞു.

ഈ സമയത്താണ് കുഞ്ഞ് മരിച്ചത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന് ആണ് സനു മോഹന്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്റേത് മുങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചത്.

കൊലപാതകത്തിന് പിന്നാലെ കുഞ്ഞ് അണിഞ്ഞിരുന്ന ആഭരണവും കൈക്കലാക്കി സനുമോഹന്‍ സംസ്ഥാനം വിട്ടു. കോയമ്പത്തൂരിലേക്കാണ് അയാള്‍ ആദ്യം പോയത്.

അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് അന്വേഷണ സംഘം പിടികൂടിയത്.

ഒരു വര്‍ഷത്തോളം കേസിന്റെ വിചാരണ നീണ്ടു. 78 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം കോടതി ശരിവെച്ചു.

vaiga murder case