'ഷൂ എറിഞ്ഞത് വൈകാരിക പ്രതികരണം; നവകേരള സദസിന്റെ പേരില്‍ സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുന്നു'

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

author-image
Priya
New Update
'ഷൂ എറിഞ്ഞത് വൈകാരിക പ്രതികരണം; നവകേരള സദസിന്റെ പേരില്‍ സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുന്നു'

കാസര്‍കോട്: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ്. നവ കേരള സദസിന്റെ പേരില്‍ സിപിഐഎം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയണ്ട. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണെന്നും സതീശന്‍ പറഞ്ഞു.

എസ്.എഫ്.ഐക്ക് ഗവര്‍ണറുടെ വാഹനം തടയാം. അപ്പോള്‍ മുഖ്യമന്ത്രി പറയുന്നു ജീവന്‍ രക്ഷാപ്രവര്‍ത്തനമില്ല. പിണറായി രാജാവിന്റെ വാഹനം തടഞ്ഞാല്‍ പ്രശ്‌നമാകുമെന്ന സ്ഥിതിയെന്നും സതീശന്‍ പറഞ്ഞു.

മുന്‍പിലും പിമ്പിലും ക്രിമിനല്‍ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസില്‍ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശന്‍ പരിഹസിച്ചു.

ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്.

പരിചയസമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. അവലോകന യോഗം വിളിച്ചു ചേര്‍ക്കേണ്ട മന്ത്രിമാര്‍ അതിന് തയ്യാറാവാതെ ടൂറിലാണ്. പ്രതിപക്ഷസംഘം പമ്പയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

pinarayi vijayan KSU v d satheesan navakerala sadass