ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ ഓഫീസിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോദ്ധ്യമുണ്ടായിട്ടും എന്ത് കൊണ്ടാണ് വെറുതെ വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. ഏത് ഓഫീസാണ് കള്ളക്കടത്ത് നടത്തിയതെന്നറിയാമെന്നാണ് പ്രധാനമന്ത്രി തൃശൂരില്‍ പ്രസംഗിച്ചത്. ഇതറിയാമായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്ത് കൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്.
ഇന്ത്യയിലെ മറ്റ് ബി.ജെ.പി ഇതര മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രഏജന്‍സികള്‍ റെയ്ഡ് ചെയ്യുകയാണ്. എന്നാല്‍ കേരളത്തില്‍ ഇതൊന്നുമുണ്ടായില്ല. കേരളത്തില്‍ സി.പി.എമ്മുമായി സന്ധി ചെയ്തത് എന്ത് കൊണ്ടാണ്. അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ ഓഫീസിനെതിരെ നടപടി എടുത്തിരുന്നെങ്കില്‍ അന്ന് കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വന്നേനെ. അത് സംഭവിക്കാതിരിക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയിലെത്തിയത്. കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സര്‍ക്കാര്‍ സഹായിക്കുകയും ചെയ്തു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പകരം കേന്ദ്ര ഏജന്‍സികളും സംരക്ഷണം നല്‍കി.
കരുവന്നൂരിലെ ഇഡി അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ഗൂഡാലോചനയാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നത്. ഇന്ത്യ മുന്നണിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് സി.പി.എം. നിലപാടെടുത്തത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കേരള പി.ബി. അംഗങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ്.
ബി.ജെ.പിയുടെ വര്‍ഗ്ഗീയ ഫാസിസ്റ്റ് രാഷ്ടീയത്തിന് കേരളത്തില്‍ ഒരു പ്രസക്തിയുമില്ല. ഇപ്പോള്‍ കേരളത്തില്‍ ക്രൈസ്തവരുടെ വീടുകള്‍ കയറി ഇറങ്ങുകയാണ്. ഇത് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ട്. സതീശന്‍ വ്യക്തമാക്കി.