ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 25 പേര്‍ കൂടി അറസ്റ്റിലായി. ആകെ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്.ഐ.ആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമം നടന്ന ബന്‍ഭൂല്‍പുരയില്‍ 100 പേര്‍ വീതമുള്ള നാല് കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കാന്‍ തീരുമാനിച്ചു.
ബന്‍ഭൂല്‍പുരയില്‍ ഒഴികെ ബാക്കി എല്ലാ സ്ഥലങ്ങളിലെയും കര്‍ഫ്യൂ പിന്‍വലിക്കാനും തീരുമാനിച്ചു. നഗരത്തില്‍ 1100 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഇപ്പോള്‍ പിടിയിലായ 25 പേരില്‍ നിന്നും വെടിക്കോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ ആയുധങ്ങള്‍ കണ്ടെടുത്തു. അക്രമിസംഘം ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന്‍ അക്രമിച്ചപ്പോള്‍ വെടിക്കോപ്പുകള്‍ കൊള്ളയടിച്ചിരുന്നു. അത്തരത്തിലുള്ള 99 എണ്ണം കണ്ടെടുത്തതായി നൈനിറ്റാള്‍ എ.എസ്.പി പ്രഹ്ലാദ് നാരായണ്‍ മീണ പറഞ്ഞു. ഇതിന് പുറമെ ഏഴ് നാടന്‍ പിസ്റ്റളുകളും 54 വെടിയുണ്ടകളും പിടിച്ചെടുത്തു. വ്യാഴാഴ്ച്ച നടന്ന അക്രമത്തെ കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണവും നടക്കുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസങ്ങളിലും ബന്‍ഭൂല്‍പുരയിലെ കടകള്‍ അടഞ്ഞ് കിടന്നു. റോഡുകള്‍ മുഴുവന്‍ വിജനമാണ്.
എന്നാല്‍ സംസ്ഥാനത്ത് അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. പ്രതിപക്ഷ നേതാവ് യശ്പാല്‍ ആര്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.