ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തകര്‍ന്ന തുരങ്കത്തിനുള്ളിലെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ വീണ്ടും മണ്ണിടിച്ചില്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു മണ്ണിടിച്ചില്‍.
തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഉരുക്കുകുഴലുകള്‍ തള്ളിക്കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഇതോടെ, പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍.
തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഉരുക്കുകുഴലുകള്‍ തള്ളിക്കയറ്റി രക്ഷാപാത ഒരുക്കാനാണ് ശ്രമിക്കുന്നത്. 900 മില്ലിമീറ്റര്‍ വ്യാസമുള്ള കുഴലുകള്‍ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിന്‍ ഉപയോഗിച്ചാണ് കയറ്റുന്നത്. തൊഴിലാളികള്‍ക്ക് ട്യൂബുകള്‍ വഴി ഓക്‌സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നുണ്ട്. ബുധനാഴ്ച ഇവരെ രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഇതിനിടെ തൊഴിലാളികളില്‍ ഒരാളായ ഗബ്ബര്‍ സിങ് നേഗി മകനുമായി സംസാരിച്ചു. തുരങ്കത്തിനുസമീപം താത്കാലിക ആശുപത്രിയും പത്ത് ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉത്തരകാശി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍.സി.എസ്. പന്‍വാര്‍ പറഞ്ഞു.
ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്.