ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രഞ്ജന ദേശായി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. വെള്ളിയാഴ്ച ജസ്റ്റിസ് രഞ്ജന ദേശായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി അഞ്ചിന് വിളിച്ച പ്രത്യേക നിയമസഭ സമ്മേളനത്തില്‍ യുസിസി ബില്‍ അവതരിപ്പിക്കും. കരട് ബില്‍ സംസ്ഥാന മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിച്ചു ബില്‍ പാസാക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.
സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചടത്തോളം ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഏക് ഭാരത് - ശ്രേഷ്ഠ ഭാരത് എന്ന പ്രധാനമന്ത്രിയുടെ ആശയം നടപ്പാക്കുന്നതിലൂടെ ഞങ്ങള്‍ കൂടുതല്‍ ശക്തരായി മുന്നോട്ട് പോകുകയാണ്. റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയതിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
ബില്‍ നിയമമാകുന്നതിലൂടെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. 2022 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഏകീകൃത സിവില്‍ കോഡ് നിയമം നടപ്പിലാക്കുമെന്നത്.