ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ലോകശ്രദ്ധയാകർഷിച്ച് ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യം.നീണ്ട 500 വർഷത്തെ കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യമായ രാമക്ഷേത്രത്തെയും ഭഗവാൻ രാംലല്ലയുമാണ് നിശ്ചലദൃശ്യത്തിൽ പ്രകടമായത്. ബാല രൂപത്തിലുള്ള രാമനെയാണ് ഫ്ലോട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്.
മാത്രമല്ല ഉത്തർപ്രദേശിന്റെ സാംസ്കാരിക പൈതൃകത്തെയും നിശ്ചലദൃശ്യത്തിൽ അടയാളപ്പെടുത്തിയിരുന്നു. പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മാഘമേളയുടെയും 2025-ൽ നടക്കാനിരിക്കുന്ന മഹാകുംഭത്തിന്റെയും പ്രതീകങ്ങൾ, സംസ്ഥാന സർക്കാർ ആരംഭിച്ച ‘ദീപോത്സവത്തെ’ അടയാളപ്പെടുത്തുന്ന ചിത്രപ്പണികളും റിപ്പബ്ലിക് ദിന ഫ്ലോട്ടിലുണ്ടായിരുന്നു.
അതെസമയം ലോകത്തിലെ നാലാമത്തെ വലിയ അന്താരാഷ്‌ട്ര വിമാനത്താവളമായ ജെവാർ വിമാനത്താവളത്തിന്റെ ദ്രുതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ചലനാത്മക ചിത്രം എൽഇഡി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.
നോയിഡയിലെ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ ഫാക്ടറിയും സംസ്ഥാനത്തിന്റെ വിപുലമായ എക്‌സ്പ്രസ് വേ ശൃംഖലയും ഒപ്പമുണ്ടായിരുന്നു. ആറ് പ്രവർത്തനക്ഷമമായതും ഏഴ് നിർമ്മാണത്തിലിരിക്കുന്നതുമായ എക്‌സ്പ്രസ്‌വേകളാണ് ഉത്തർപ്രദേശിലുള്ളത്.
ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിനും വികസനത്തിനുമുള്ള ഉത്തർപ്രദേശിന്റെ പ്രതിബദ്ധതയെ ബ്രഹ്മോസ് മിസൈൽ ചിത്രീകരിക്കുന്നു. രാജ്യത്തെ ആദ്യത്തെ ഓപ്പറേഷണൽ ഹൈ-സ്പീഡ് റെയിൽ സർവീസിന്റെ (ആർആർടിഎസ്) ചിത്രവും നിശ്ച ചിത്രത്തിൽ ഇടംപിടിച്ചു. ടാബ്ലോയ്‌ക്കൊപ്പം ആറ് വനിതാ കലാകാരിമാരുടെ സംഘം പരമ്പരാഗത നൃത്തം അവതരിപ്പിച്ചു.
ബ്രജ് മേഖലയിൽ പ്രചാരത്തിലുള്ള നൃത്തങ്ങളായ ചർകുല, വാധ്വ എന്നിവയാണ് നിശ്ചല ചിത്രത്തിന് അകമ്പടിയൊരുക്കിയത്. സാംസ്കാരിക പൈകൃതത്തെ അടയാളപ്പെടുത്തും വിധത്തിലുള്ള അവതരണമായിരുന്നു ഇത്.