ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തില്‍ പങ്കെടുത്ത ആളുകള്‍ക്കെതിരെ ദേശീയ ന്നുരക്ഷ നിയമമനുസരിച്ച് കേസെടുക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. 5,000 ത്തോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഇതിനിടെ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി.
അക്രമ ബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ശനിയാഴ്ച സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി ഗവര്‍ണ്ണറെ സന്ദര്‍ശിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് പുറമെ പ്രദേശങ്ങളില്‍ കേബിള്‍ ടിവി നെറ്റ്വര്‍ക്കും വിച്ഛേദിച്ചു.
ഇതിനിടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ട ആറ് പേരില്‍ നാല് പേരും വെടിയേറ്റ് ആണ് കൊല്ലപ്പെട്ടതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത് പൊലീസിന് തലവേദനയായി. അക്രമികളെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് മാത്രമാണ് വെടിവെച്ചതെന്ന പൊലീസ് വാദം നിലനില്‍ക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.