ഡമസ്കസ്: സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കയുടെ വ്യോമാക്രമണം.
മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം.13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുരാജ്യങ്ങളിലുമായി 80 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് യു.എസ് പോർവിമാനങ്ങളുടെ ആക്രമണം നടന്നത്.സിറിയയിലും ഇറാഖ് അതിർത്തി മേഖലയിലും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. അയ്യാശ് നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ് ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്‍റെയും ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങളാണിത്.
വെള്ളിയാഴ്ചയാണ് ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകിയത്. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാൻ അനുകൂല സായുധ വിഭാഗങ്ങൾക്കെതിരെ ആക്രമണം തുടരുമെന്നും ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ പൗരൻമാർക്ക് നേരെ നടക്കുന്ന ഏതൊരു ആക്രമണത്തിനും തക്കതായ തിരിച്ചടി ഉണ്ടാവുമെന്നും ബൈഡൻ പ്രതികരിച്ചു.
അതെസമയം ആക്രമണത്തെ കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാൻ യുദ്ധം തുടങ്ങിവെക്കില്ലെന്നും എന്നാൽ, തങ്ങളെ ഭീഷണിപ്പെടുത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ജോർഡനിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാഖിലെ ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളാണ് പിന്നിലെന്നാണ് യു.എസ് ആരോപണം.ഇറാഖിലെയും സിറിയയിലെയും യു.എസ് സൈനിക ക്യാമ്പുകൾക്ക് നേരെ പലവട്ടം ആക്രമണമുണ്ടായി.
തിരിച്ചടിക്കാൻ വൈറ്റ് ഹൗസിന്റെ അനുമതിക്ക് കാത്തുനിൽക്കുകയാണെന്ന് യു.എസ് സൈനിക മേധാവി അറിയിച്ചിരുന്നു. അതേസമയം, യു.എസ് ക്യാമ്പ് ആക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തുവന്നിരുന്നത്. ഇതിനുപിന്നാലെയാണ് ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്റിന്റെ അനുമതി നൽകിയത്.