തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ കേരള നഗരനയ കമ്മീഷന്‍ രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. നഗരവല്‍ക്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ചാണിത്. നഗരനയ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിരിക്കും.
ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും കമ്മിഷന്‍ അദ്ധ്യക്ഷന്‍. യു.കെ യിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ അസ്സോഷിയേറ്റ് പ്രൊഫസര്‍ ആണ് ഇദ്ദേഹം. സഹ അധ്യക്ഷരായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ.ഇ.നാരായണന്‍ എന്നിവരെയാണ് തീരുമാനിച്ചിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോ ജാനകി നായര്‍, കൃഷ്ണദാസ്(ഗുരുവായൂര്‍), ഡോ കെ എസ ജെയിന്‍സ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാര്‍, ഡോ. വൈ വി എന്‍ കൃഷ്ണമൂര്‍ത്തി, പ്രൊ. കെ ടി രവീന്ദ്രന്‍, തെക്കിന്ദര്‍ സിങ് പന്‍വാര്‍ എന്നീ വിദഗ്ദ്ധ അംഗങ്ങള്‍ ചേര്‍ന്നതാണ് കമ്മീഷന്‍.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍ സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല്‍ രൂപീകരിക്കും. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയില്‍ ആഗോളമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവും.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയും. കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീഷിക്കുന്നത്.
നഗര നയം രൂപീകരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ റീ ബില്‍ഡ് കേരള, ജര്‍മ്മന്‍ വികസന ബാങ്കായ കെ. എഫ് ഡബ്‌ള്യു വുമായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളില്‍ ഉണ്ട്. പുതിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ഇത്തരം ഏജന്‍സികള്‍ ഈയാവശ്യത്തിനായി നീക്കി വച്ചിട്ടുള്ള ഗ്രാന്റ് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മിഷന്‍ വിലയിരുത്തല്‍.