യുനൈറ്റഡ് നേഷൻസ്: നിരന്തരമായുള്ള ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസയുടെ ഭക്ഷണത്തിനും ചികിത്സ അടക്കമുള്ള കാര്യങ്ങൾക്കും ഏക ആശ്രയമായ യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ ഇല്ലാതാക്കാനൊരുങ്ങി ഇസ്രായേൽ.
കിഴക്കൻ ജറുസലേമിൽ കഴിഞ്ഞ 75 വർഷമായി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് ഏജൻസിയെ ഒഴിപ്പിക്കാൻ ഇസ്രായേലി ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി യു.എൻ.ആർ.ഡബ്ല്യു.എ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു.1952ൽ ജോർദാനാണ് ഈ കേന്ദ്രം യു.എൻ.ആർ.ഡബ്ല്യു.എക്ക് നൽകിയത്.
ഇസ്രായേലി ഉദ്യോഗസ്ഥരുടെ നീക്കങ്ങളിൽ പലസ്തീനി അഭയാർത്ഥികൾക്കായുള്ള യു.എൻ.ആർ.ഡബ്ല്യു.എ പ്രതിസന്ധിയിൽ വലിക്കുകയാണെന്നും യു.എൻ ജനറൽ അസംബ്ലി പ്രസിഡൻ്റിനോട് ഫിലിപ്പ് ലസാരിനി പറഞ്ഞു. വർഷങ്ങളായി കിഴക്കൻ ജറുസലേമിൽ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രം ഒഴിയാനും ഇതുവരെ ഉപയോഗിച്ചതിന് പിഴയായി 4.5 മില്ല്യൺ ഡോളർ (37.29 കോടി രൂപ) ഫീസ് നൽകാനും ഇസ്രായേൽ ലാൻഡ് അതോറിറ്റി യു.എൻ.ആർ.ഡബ്ല്യു.എയോട് ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു.
ഏജൻസിക്ക് വിവിധ രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കാൻ ഇസ്രായേൽ അന്താരാഷ്ട്ര തലത്തിൽ നീക്കം നടത്തുന്നതായും വിവിധ രാജ്യങ്ങൾ ഇതിന് പിന്തുണ നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ സാമ്പത്തികമായി ഞെരുങ്ങിയ യു.എൻ.ആർ.ഡബ്ല്യു.എ കടുത്ത പ്രതിസന്ധിയിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്.
ഇതിനുപുറമേ, മറ്റുരാജ്യങ്ങളിൽനിന്നുള്ള ഏജൻസിയുടെ ജീവനക്കാർക്കുള്ള എൻട്രി വിസ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമായി ഇസ്രായേൽ പരിമിതപ്പെടുത്തുക കൂടി ചെയ്തതോടെ ഏഝൻസി പൂർണ്ണമായും പ്രതിസന്ധിയിലായി. യു.എൻ.ആർ.ഡബ്ല്യു.എയുടെ നികുതി ഇളവ് ആനുകൂല്യങ്ങൾ റദ്ദാക്കുമെന്ന് ഇസ്രായേലി ധനമന്ത്രി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഏജൻസിയുടെ ബാങ്ക് അക്കൗണ്ട് ഇസ്രായേൽ ബാങ്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു.ഇതിനെല്ലാം പുറമെ ഏജൻസിക്ക് വരുന്ന ചരക്കുകൾ ഇസ്രായേലി കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട്.ഇസ്രായേലിന്റെ ഈ നീക്കം യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ജീവനക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നതായി ലസാരിനി പറഞ്ഞു.