ടെഹ്റാൻ: ഇറാനിൽ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതർ.വെടിവെയ്പ്പിൽ 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കുകിഴക്കൻ ഇറാന്റെ പാക് അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്.9 പാകിസ്ഥാനികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് മുദാസിർ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ആക്രമണം നടന്ന പ്രദേശമുള്ളത്. ഇവിടുത്തെ സരവൻ ടൗണിനടുത്തായിരുന്നു ആക്രമണം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ട പാകിസ്താനികൾ എല്ലാവരും പ്രദേശത്തെ ഓട്ടോ റിപ്പയർ ഷോപ്പിലെ തൊഴിലാളികളായിരുന്നുവെന്നാണ് വിവരം.
അതെസമയം പാക് പൗരന്മാരുടെ കൂട്ടക്കൊല ഞെട്ടിപ്പിക്കുന്നതാണെന്ന് ഇറാനിലെ പാക് എംബസി പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഇറാന്റെ ഭാഗത്ത് നിന്നുള്ള സഹകരണം ആവശ്യപ്പെട്ടതായും ടെഹ്‌റാനിലെ പാക് അംബാസിഡർ അറിയിച്ചു.
കഴിഞ്ഞയാഴ്ചയായിരുന്നു പാകിസ്താനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പാകിസ്താൻ പ്രത്യാക്രമണം നടത്തിയത്. ഭീകരസംഘടനകളുടെ ഒളിത്താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്നാണ് സംഭവത്തിൽ ഇറാന്റെ വിശദീകരണം. എന്നാൽ കുട്ടികളുൾപ്പടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെയാണ് ഇറാനിലേക്ക് പാകിസ്താനും ആക്രമണം നടത്തിയത്.
അതെസമയം വിഷയം ഗൗരവതരമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരതയെ വെച്ചുപൊറുപ്പിക്കില്ലെന്നതാണ് ഇന്ത്യയുടെ നയമെന്ന് വിദേശകാര്യമന്ത്രാലായം നിലപാടറിയിച്ചു. ഇതിനിടെ ഇരുരാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ തിരിച്ച് ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.