സാൻഫ്രാൻസിസ്കോ: ടേക്ക് ഓഫ് ചെയ്ത യുണൈറ്റ് എയർലൈൻ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു.അമേരിക്കയിലെ സാൻഫ്രാൻസിസ്കോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ജപ്പാനിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 777 വിമാനത്തിലായിരുന്നു സംഭവം.ഇതോടെ വിമാനം അടിയന്തരമായി ലോസ് എഞ്ചൽസിലിറക്കി.
235 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്തിന്റെ ഇടതുഭാഗത്തെ ലാൻഡിങ് ഗിയറിന് സമീപത്തുള്ള ടയറിനാണ് തകരാർ ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും വൈറലായിരിക്കുകയാണ്. വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു സംഭവം.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ടയർ വീണ് വിമാനത്താവളത്തിന്റെ പാർക്കിങ്ങിലുണ്ടായിരുന്ന കാറുകളിലൊന്ന് തകർന്നു.മാത്രമല്ല പാർക്കിങ്ങിലെ വേലിയും തകർന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രസ്താവനയുമായി യുണൈറ്റഡ് എയർലൈൻസ് രംഗത്തെത്തി.
2002ൽ നിർമിച്ച വിമാനത്തിന് ടയറുകളിലൊന്നിന് തകരാർ സംഭവിച്ചാലും സുരക്ഷിത ലാൻഡിങ് സാധ്യമാവുമെന്ന് യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി.നിലവിലുണ്ടായ സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.