ഹമീര്‍പൂര്‍(ഹിമാചല്‍ പ്രദേശ്) : പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍. ബ്രിട്ടീഷുകാരെപ്പോലെ കോണ്‍ഗ്രസ് ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കുകയാണെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു. വ്യാഴാഴ്ച ഹമീര്‍പൂര്‍ ഭവനില്‍ ജില്ലാ വികസന ഏകോപന, മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തിനിടെയായിരുന്നു അനുരാഗ് താക്കൂറിന്റെ ആരോപണം.
'പൊതുജനങ്ങളുടെ അനുഗ്രഹം ബിജെപിക്കൊപ്പമുണ്ടാകും, കാരണം ജനങ്ങള്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണ് ആഗ്രഹിക്കുന്നത്, അവര്‍ക്ക് വികസനം വേണം. കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളില്‍ നിന്ന് മോചനം നേടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബ്രിട്ടീഷുകാരെപ്പോലെ അവര്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നു'- അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു.
പ്രധാനമന്ത്രിയ്‌ക്കെതിരെ പലതവണ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.അപ്പോഴെല്ലാം ജനങ്ങള്‍ മോദിയെ പിന്തുണക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശ്ശകുനം, പോക്കറ്റടിക്കാരന്‍ എന്നിങ്ങനെ വിളിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ആറ് മണിക്കുള്ളില്‍ നേരിട്ടെത്തി മറുപടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.
2023 നവംബര്‍ 22-ന് രാജസ്ഥാനിലെ ബാര്‍മേറിലെ ബയാതുവില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിയെക്കുറിച്ച് പരിഹാസ്യവും അശ്ലീലവുമായ രീതിയില്‍ സംസാരിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബി.ജെ.പിയാണ് പരാതി നല്‍കിയത്.