ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് ബില്‍ അടുത്തയാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് ആദ്യമായി ഏകസിവില്‍കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
റിട്ട.ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഇത് സംബന്ധിച്ച കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഈ ആഴ്ച്ച തന്നെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് ബില്‍ പാസാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കരട് റിപ്പോര്‍ട്ട് ഈ വര്‍ഷം ജൂണില്‍ തന്നെ തയ്യാറായതായി ജസ്റ്റിസ് രഞ്ജന ദേശായി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഏകസിവില്‍കോഡ് സംബന്ധിച്ച പ്രത്യേക സമിതിക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഉത്തരാഖണ്ഡിന് തൊട്ട് പിറകെ 2024 പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ഗുജറാത്തും തയ്യാറെടുക്കുന്നതായി അറിയുന്നു.