ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭയില്‍ ഏക വ്യക്തി നിയമം അവതരിപ്പിച്ചതോടെ, നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബില്‍ അവതരിപ്പിച്ചത്. നേരത്തെ കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ബില്ലിനെ കുറിച്ച് പഠിക്കാന്‍ പ്രതിപക്ഷം കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലില്‍ ചര്‍ച്ച സഭയില്‍ വൈകാതെ ഉണ്ടാവും. ബില്‍ സഭ കടക്കുകയാണെങ്കില്‍ ഏക വ്യക്തി നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
നിയമം പ്രബല്യത്തില്‍ വരുമ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പും രജിസ്റ്റര്‍ ചെയ്യേണ്ടി വരും. 21 വയസ്സിനു താഴെയുള്ളവര്‍ രക്ഷിതാക്കളുടെ സമ്മതം വാങ്ങേണ്ടി വരും. സംസ്ഥാനത്തിനു പുറത്തുള്ള പങ്കാളിയാണെങ്കിലും രജിസ്റ്റര്‍ ചെയ്യണം. വിവാഹം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് തുടങ്ങി ഏതു ബന്ധത്തിലുളള കുഞ്ഞുങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കും. അവിഹിത സന്തതി എന്ന വിശേഷണം ഉണ്ടാവില്ല. മാത്രമല്ല, കുട്ടികള്‍ക്ക് പാരമ്പര്യ സ്വത്തിലും തുല്യ അവകാശം ഉണ്ടാകും. സ്ത്രീ പങ്കാളിയെ ഉപേക്ഷിച്ചാല്‍ മോചനദ്രവ്യത്തിനും അവകാശം ഉണ്ടായിരിക്കും.
ബന്ധം രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍, തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പങ്കാളികളിലൊരാള്‍ക്കോ, ഇരുവര്‍ക്കുമോ 25,000 രൂപ പിഴയും മൂന്നുമാസത്തെ തടവും ലഭിക്കാം. ഒരു മാസം വൈകുന്നത് പോലും ജയില്‍ ശിക്ഷ ലഭിക്കുന്നതിന് കാരണമാകാം. പങ്കാളികള്‍ ഇരുവര്‍ക്കും 10,000 പിഴയും ലഭിക്കും.
ബഹുഭാര്യാത്വത്തിന് പൂര്‍ണ നിരോധനം, ബാല വിവാഹം, എല്ലാ മതവിഭാഗങ്ങളിലും പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഒരു നിശ്ചിത പ്രായം അനുശാസിക്കുക തുടങ്ങിയവയും ഏക വ്യക്തി നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.