മംഗളൂരു: സംഘർഷ മേഖലയായ ശിവമോഗയിലെ റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥരില്ലാത്ത പെട്ടികൾ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. പെട്ടികളിൽ സ്ഫോടകവസ്തുക്കൾ അല്ലെന്ന് ബോംബ് സ്ക്വാഡിനു വ്യക്തമായെന്ന് ശിവമോഗ ജില്ല പൊലീസ് സൂപ്രണ്ട് മിഥുൻ കുമാർ പറഞ്ഞു.
മാരുതി ഓമ്നി വാനിൽ എത്തിയവരാണ് പെട്ടികൾ വച്ചതെന്നുള്ള ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ് നിർമ്മിത ചാക്കിലാണ് പെട്ടികൾ പൊതിഞ്ഞത്. 'ഭക്ഷ്യ ധാന്യം, പഞ്ചസാര'എന്നിങ്ങിനെ എഴുതിയ പെട്ടികൾ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു.
പൊലീസ് ബോംബ്, ഡോഗ് സ്ക്വാഡുകൾ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. അനാഥമായി കിടന്ന പെട്ടികൾ റയിൽവേ സ്റ്റേഷനിലും പരിസരത്തും പരിഭ്രാന്തി പരത്തിയിരുന്നു. ഇവിടെ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.