ഇംഫാൽ : ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടതിനെ തുടർന്ന് മണിപ്പൂരിലെ ഇംഫാൽ എയർപോട്ടിൽ വിമാന സർവ്വീസുകൾ നിർത്തിവച്ചു. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.മണിക്കൂറുകളോളമാണ് സർവ്വീസുകൾ നിർത്തിവച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇംഫാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലെ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടത്.
എയർ ട്രാഫിക് കൺട്രോൾ അധികൃതരാണ് വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തുവിനെ കണ്ടത്.ഇതെന്താണെന്ന് തിരിച്ചറിയാനാകാത്തതോടെയാണ് വിമാന സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചത്. നിയന്ത്രിത വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചു വിടുകയും മറ്റ് മൂന്ന് വിമാനങ്ങൾ മൂന്ന് മണിക്കൂറോളം വൈകുകയും ചെയ്തു.
നഗ്ന നേത്രങ്ങൾ കൊണ്ട് ദൃശ്യമാകുന്നതായിരുന്നു ‘അജ്ഞാത വസ്തു’ (UFO-Unidentified flying object) എന്ന് വിമാനത്താവള അധികൃതർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.അതെസമയം ഏകദേശം നാല് മണിവരെ ഇത് ആകാശത്ത് ദൃശ്യമായിരുന്നുവെന്നും പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
വിമാനത്താവളത്തിൽ നിന്നും ഉച്ചയ്ക്ക് 2.20 ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റാണ് ആകാശത്ത് നീങ്ങിക്കൊണ്ടിരുന്ന വസ്തുവിനെ ആദ്യം കണ്ടെതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന്
ആറ് മണിവരെ വിമാനങ്ങൾ താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. ഷില്ലോങ്ങിലെ ഇന്ത്യൻ എയർഫോഴ്‌സ് ഈസ്റ്റേൺ കമാൻഡിനെ വിവരം അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.