'ഗണേഷ് ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിലെ മുഖ്യ പങ്കാളി'; സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് വി.ഡി. സതീശൻ

കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും എൽ.ഡി.എഫും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

author-image
Greeshma Rakesh
New Update
'ഗണേഷ് ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിലെ മുഖ്യ പങ്കാളി'; സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് വി.ഡി. സതീശൻ

കൊച്ചി: കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും എൽ.ഡി.എഫും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിൽ മുഖ്യ പങ്കാളിയാണ് ഗണേഷ് എന്നും സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഉമ്മൻചാണ്ടി അപകീർത്തിപ്പെടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെയും കേരള കോൺഗ്രസ് ബിയിലെ കെ.ബി. ഗണേഷ്കുമാറിനെയും മന്ത്രിസഭയിലെടുക്കാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിൽ, ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ആന്‍റണി രാജുവും മുൻധാരണ പ്രകാരം സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് ഗണേഷ്കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകുന്നത്. എൽ.ഡി.എഫ് കൺവീനറായ ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതെസമയം ഞായറാഴ്ച രാവിലെ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജികത്ത് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് നടന്ന ഇടതുമുന്നണി യോഗമാണ് പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുത്തത്. ഡിസംബർ 29ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. രണ്ടാം പിണറായി സർക്കാറിൽ രണ്ടര വർഷത്തെ ധാരണയാണ് പാർട്ടികൾ തമ്മിലുണ്ടായിരുന്നത്.

നവംബർ അവസാനമാണ് പുനഃസംഘടന നടക്കേണ്ടിയിരുന്നത്.എന്നാൽ നവകേരള സദസ് കാരണം അത് നീട്ടിവയ്ക്കുകയായിരുന്നു. അഹമ്മദ് ദേവർകോവിൽ കൈകര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് രാമചന്ദ്രൻ കടന്നപ്പള്ളിക്കും ആന്‍റണി രാജുവിന്‍റെ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

congress kb ganesh kumar vd satheesan boycott oath