പാകിസ്ഥാനില്‍ ഇറാന്റെ വ്യോമാക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു.

author-image
anu
New Update
പാകിസ്ഥാനില്‍ ഇറാന്റെ വ്യോമാക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

 

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തെ അപലപിച്ചു. ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാനോട് പാക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഗ്രാമത്തിലാണ് ഇറാന്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയത്. തീവ്രവാദ സംഘടനയായ ജയ്ഷ് അല്‍ അദ്ലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമവിരുദ്ധ നടപടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിശേഷിപ്പിച്ച പാകിസ്താന്‍ അവരുടെ വിശദീകരണത്തെ തള്ളുകയും ചെയ്തു.

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാന്‍ കഴിഞ്ഞദിവസം അക്രമിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വടക്കന്‍ സിറിയയിലെ താവളങ്ങള്‍ക്കുനേരേയും ഇറാന്‍ തിങ്കളാഴ്ച ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനില്‍ നടത്തിയ ആക്രമണം.

'രണ്ട് നിരപരാധികളായ കുട്ടികളുടെ മരണത്തിനും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ, പ്രകോപനമില്ലാതെ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തെ പാകിസ്താന്‍ ശക്തമായി അപലപിക്കുന്നു' പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച് പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ പാകിസ്താന്റെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റം പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും പാക് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും തമ്മില്‍ ആശയവിനിമയ മാര്‍ഗങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഈ നിയമലംഘനം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ പാകിസ്താന്റെ ശക്തമായ പ്രതിഷേധം ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഇതിനോടകം അറിയിച്ചതായും പാക് വക്താവ് പറഞ്ഞു.

Latest News international news