സുല്‍ത്താന്‍ബത്തേരി: ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് മടങ്ങുന്നതിനിടെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനപകടത്തില്‍ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്ലി സാബു (24) ആണ് ഗുണ്ടല്‍പേട്ട് മദ്ദൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ദേശീയപാത 766 ലായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ
അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സഹയാത്രികന് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ആഷ്ലിയും യുവാവും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷ്ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.