ഗാസ സിറ്റി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഒരു ആശ്വാസ വാര്‍ത്ത. യുദ്ധം കനത്ത നാശം വിതച്ച ഗാസയിലേക്ക് അനിശ്ചിതത്വത്തിനൊടുവില്‍ സഹായം എത്തുന്നു. സഹായവുമായി ട്രക്കുകള്‍ ഈജിപ്തില്‍ നിന്ന് റഫാ അതിര്‍ത്തി വഴി ഗാസയിലേക്ക് കടന്നു തുടങ്ങി.
സുരക്ഷാ ഉദ്യോഗസ്ഥരും ഈജ്പിത് റെഡ് ക്രെസന്റ് അധികൃതരുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരുന്നുകളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകളാണ് ഗാസയിലേക്കു പോകാന്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുന്നത്.
ദിവസം 20 ട്രക്കുകള്‍ മാത്രമാവും ആദ്യം കടത്തിവിടുക. ട്രക്കുകള്‍ ഗാസയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടു.
മുന്‍പ് ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള കെരെം ഷാലോം അതിര്‍ത്തി ക്രോസിങ് വഴിയും സഹായനീക്കം അനുവദിച്ചിരുന്നു. എന്നാല്‍, ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ ഇത് അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ ഇസ്രയേലിന്റെ നിലപാട്.
48 മണിക്കൂറിനുള്ളില്‍ ട്രക്കുകള്‍ ഗാസയിലേക്കു പോകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രയേലും ഈജിപ്ത് പ്രസിഡന്റും ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചുവെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
ട്രക്കുകള്‍ കടത്തിവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റഫാ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.