തിരുവനന്തപുരം: ക്ഷേത്രം വക ഭൂമിയിലും വസ്തുവകകളിലും ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം തടഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. ആയോധന പരിശീലനം, മാസ് ഡ്രില്‍ എന്നിവ കണ്ടാല്‍ നടപടി സ്വീകരിക്കണമെന്നു ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍മാര്‍ക്കും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍ക്കും സബ് ഗ്രൂപ്പ് ഓഫിസര്‍മാര്‍ക്കും ബോര്‍ഡ് കര്‍ശനനിര്‍ദേശം നല്‍കി.
ദേവസ്വം അംഗീകൃത ഉപദേശക സമിതിയിലെ അംഗങ്ങള്‍ അടക്കമുള്ളവര്‍ ദേവസ്വം ബോര്‍ഡിന് എതിരായി ക്ഷേത്രത്തിനകത്തോ വസ്തുവിലോ മൈക്ക് സ്ഥാപിച്ച് നാമജപഘോഷം നടത്തുന്നതിനും നിരോധനമുണ്ട്. ആർഎസ്എസ് പ്രവർത്തനം നേരത്തെ തന്നെ ബോർഡ് നിരോധിച്ചിരുന്നുവെങ്കിലും സമീപകാല ലംഘനങ്ങളാണ് ബോർഡ് തീരുമാനം ആവർത്തിക്കുന്നതിലേക്ക് നയിച്ചു.
2016ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രപരിസരത്ത് ആർഎസ്എസ് നടത്തുന്ന എല്ലാത്തരം സായുധ പരിശീലനങ്ങളും നിരോധിച്ച് സർക്കുലർ ഇറക്കിയിരുന്നു. പിന്നീട് 2021-ൽ, ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്ന സർക്കുലർ അവർ വീണ്ടും പുറത്തിറക്കി.