ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം വേണ്ട; പ്രതിഷേധ യോഗങ്ങള്‍ക്കും വിലക്ക്; ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ സംഘടനകളുടെ ആയുധ പരിശീലനം നിരോധിച്ച് സര്‍ക്കുലര്‍. ഇതു സംബന്ധിച്ച് നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് ബോര്‍ഡിന്റെ നടപടി.

author-image
Web Desk
New Update
ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം വേണ്ട; പ്രതിഷേധ യോഗങ്ങള്‍ക്കും വിലക്ക്; ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ സംഘടനകളുടെ ആയുധ പരിശീലനം നിരോധിച്ച് സര്‍ക്കുലര്‍. ഇതു സംബന്ധിച്ച് നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് ബോര്‍ഡിന്റെ നടപടി. പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും നിരോധിച്ചതായി സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ദേവസ്വം കമ്മിഷണറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന സംഘടനകള്‍ ഹൈക്കോടതി വിധി പാലിക്കാതെ ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നു. ആയുധ പരിശീലനം ഉള്‍പ്പെടെ ക്ഷേത്ര ഭൂമിയില്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചു.

നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കുലര്‍ അനുശാസിക്കുന്ന കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി നടപടിയെടുക്കണം. ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്യണം.

ആര്‍എസ്എസ് ശാഖകള്‍ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തും. ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങള്‍, ഫ്ളക്സുകള്‍, കൊടി തോരണങ്ങള്‍, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് ചിഹ്നങ്ങള്‍ എന്നിവ അടിയന്തിരമായി നീക്കണം.

നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ലഭ്യമാക്കണമെന്നും ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നു.

kerala temple travancore devaswom board