ന്യൂഡല്‍ഹി: അപകടങ്ങള്‍ തടയാന്‍ ഏര്‍പ്പെടുത്തിയ കവച് അടക്കമുള്ള സുരക്ഷാ നടപടികള്‍ ഫലപ്രദമായി നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം. ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനം കവച് എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്നും ആരാഞ്ഞു. ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ അഭിഭാഷകന്‍ വിശാല്‍ തിവാരി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി.
ഹര്‍ജിയുടെ പകര്‍പ്പ് രണ്ടു ദിവസത്തിനകം അറ്റോര്‍ണി ജനറലിന്റെ ഓഫിസിന് കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കവച് പദ്ധതി നടപ്പാക്കാത്തതിനാലാണ് ഒഡീഷയില്‍ 296 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതെന്നു തിവാരിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.