ശോഭനയുടെ നൃത്തം മുതൽ എം ജയചന്ദ്രന്റെ 'ജയം ഷോ' വരെ; കേരളീയം വേദിയിൽ സർക്കാർ പൊടിച്ചത് 1.5 കോടി

പുറത്തുവരുന്ന കണക്കുകൾ പ്രകാരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം ചിലവായത് 1.55 കോടി രൂപയാണ്.

author-image
Greeshma Rakesh
New Update
ശോഭനയുടെ നൃത്തം മുതൽ എം ജയചന്ദ്രന്റെ 'ജയം ഷോ' വരെ; കേരളീയം വേദിയിൽ സർക്കാർ പൊടിച്ചത് 1.5 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് സർക്കാർ കേരളീയം പരിപാടി സംഘടിപ്പിച്ചത്.കേരളപ്പിറവിയോട് അനുബന്ധിച്ച് തലസ്ഥാനത്ത് നടന്ന പരിപാടിയിൽ അരങ്ങേറിയതാകട്ടെ നിരവധി കലാപരിപാടികളും.
കേരളത്തിൻ്റെ വികസന നേട്ടങ്ങൾ ലോക ശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്.

ആഘോഷങ്ങൾക്ക് പരിധി ഏർപ്പെടുത്താതിരുന്നതോടെ തലസ്ഥാനവും കളറായി. ഇപ്പോഴിതാ കേരളീയം ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികളുടെ ചിലവിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.കേരളീയം പരിപാടിയുടെ ഉദ്ഘാടനവും സമാപനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു.

ഈ വേദിയിൽ നടത്തിയ പരിപാടികളുടെ ചിലവിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.പുറത്തുവരുന്ന കണക്കുകൾ പ്രകാരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം ചിലവായത് 1.55 കോടി രൂപയാണ്. ഇതേ സ്റ്റേഡിയത്തിൽ തുടർന്നുള്ള ഏഴു ദിവസവും പരിപാടികളുണ്ടായിരുന്നു. ഈ പരിപാടികൾക്ക് ചെലവായ തുകയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതും.

കേരളീയം പരിപാടിയുടെ ആദ്യദിനം തന്നെ കാണികളുടെ മനംകവർന്നതും പ്രധാന ആകർഷണവും നടി ശോഭനയുടെ നൃത്തമായിരുന്നു. ഈ പരിപാടിക്കായി സർക്കാർ ചിലവാക്കിയത് 8 ലക്ഷം രൂപയാണ്.ഇനി പരിപാടിയുടെ രണ്ടാം ദിവസെ സ്റ്റേഡിയത്തിലെ പ്രധാന പരിപാടി ജി എസ് പ്രദീപും നടനും എംഎൽഎയും ആയ മുകേഷും ചേർന്ന് നടത്തിയ സ്പെഷ്യൽ ഷോയായിരുന്നു.ഇതിന് ചിലവായതാകട്ടെ ഏകദേശം 8,30,000 രൂപയാണ്.

ഈ സ്റ്റേഡിയത്തിൽ തന്നെ മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്കായി 40,5000 രൂപ ചിലവായതായി കണക്കുകൾ പറയുന്നു.കലാമണ്ഡലം കലാകാരന്മാരുടെ ഫ്യൂഷൻ ഷോയ്ക്ക് 3,80,000 രൂപയും ചെലവായപ്പോൾ കെഎസ് ചിത്രയുടെ ഗാനമേളയ്ക്ക് 2,05,000 രൂപയാണ് സർക്കാർ നൽകിയത്.സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 11,9000 രൂപയും ചിലവായി.

ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയാണ് സർക്കാർ നൽകിയത്.സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഏഴ് പരിപാടിയുടെ കണക്ക് വിവരങ്ങൾ മാത്രമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്.

കേരളീയ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുന്ന കലാപരിപാടികളുടെ തുക കണ്ടെത്താൻ സ്പോൺസർമാരെ സമീപിക്കും എന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.എതൊക്കെ സ്പോൺസർമാരെന്നോ എത്രതുകയെന്നോ എന്തിന് വേണ്ടി ചെലവഴിച്ചെന്നോ വിവരാവകാശ പ്രകാരം ഉള്ള ചോദ്യങ്ങളെല്ലാം ഇപ്പോഴും പല വകുപ്പുകൾ കയറി ഇറങ്ങുകയാണ്. എന്നാൽ ഇതു സംബന്ധിച്ച് യാതൊരു വിവരവും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേരളീയം പരിപാടി കഴിഞ്ഞ് മാസം രണ്ടായെങ്കിലും ഇതുവരെ മറ്റു വിവരങ്ങൾ പുറത്തുവിടാത്തതിൽ സർക്കാരിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

 

 

 

Thiruvananthapuram kerala government keraleeyam central stadium